ബ്ലൂവെയില്‍ ഗെയിം ആത്മഹത്യ കേരളത്തിലും ?
തിരുവനന്തപുരം : വിവാദമായ ബ്ലൂവെയില്‍ ഗെയിം കളിച്ചതിനെത്തുടര്‍ന്ന് കേരളത്തിലും കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തതായി സംശയം. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയും വിദ്യാര്‍ഥിയുമായ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തത് ബ്ലൂ വെയില്‍ ഗെയിം കളിച്ചതിനെത്തുടര്‍ന്നാണ് എന്നാണ് സംശയമുയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ മാസം 26നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് വിളപ്പില്‍ശാല പോലിസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നില്‍ എന്താണ് കാരണമെന്ന് ഇനിയും വ്യക്തമാകാത്ത സാഹചര്യത്തിലാണ് ബ്ലൂവെയില്‍ ഗെയിമിന്റെ ഭാഗമായ ആത്മഹത്യയാണിതെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. ഇയാളുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ ബ്ലൂവെയില്‍ ഗെയിം ലിങ്കുകളുണ്ടെന്നും രാത്രി വൈകിയും ഗെയിം കളിക്കുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മരണം ബ്ലൂവെയിലിനെത്തുടര്‍ന്നാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടില്ല.